ന്യൂഡൽഹി: എൻസിഇആർടി പുറത്തിറക്കിയ എട്ടാംക്ലാസിലെ സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിൽ ജുഡീഷറിയെ സംബന്ധിച്ച വിവാദഭാഗം ഉൾപ്പെടുത്തിയതുമായി ബന്ധപ്പെട്ടു സ്വമേധയാ രജിസ്റ്റർ ചെയ്ത കേസ് സുപ്രീംകോടതി അവസാനിപ്പിച്ചു.
ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസുമാരായ ജോയ്മാല്യ ബാഗ്ചി, വി.മോഹന എന്നിവരടങ്ങിയ ബെഞ്ചാണു കേസ് അവസാനിച്ചതായി അറിയിച്ചത്. ജുഡീഷറിയിലെ വിവിധതലങ്ങളിലെ അഴിമതിയെയും കേസ് കെട്ടിക്കിടക്കുന്നതിനെയുംകുറിച്ച് പരാമർശിച്ചതാണു വിവാദങ്ങൾക്കു വഴിവച്ചത്.
ഇതു നീതിന്യായവ്യവസ്ഥയുടെ അന്തസിന് കളങ്കമുണ്ടാക്കുന്നതാണെന്നു നിരീക്ഷിച്ചാണ് ഫെബ്രുവരിയിൽ സുപ്രീംകോടതി വിഷയത്തിൽ ഇടപെട്ടത്. തുടർന്ന് ഈ പുസ്തകത്തിന് പൂർണനിരോധനം ഏർപ്പെടുത്തുകയും എൻസിഇആർടി മാപ്പുപറഞ്ഞ് പുസ്തകം വിപണിയിൽനിന്ന് പിൻവലിക്കുകയും ചെയ്തിരുന്നു.